Friday 26 September 2014

ദുല്‍ഹിജ്ജയിലെ പത്ത്‌ ദിനരാത്രങ്ങള്‍


അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്റെ ദാസന്മാര്‍ക്ക് സല്‍കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനുവേണ്ടി പ്രത്യേക കാലവും സമയവും നിര്‍ണ്ണയിച്ചു തന്നു എന്നുള്ളത്. അത്തരത്തിലുള്ള പ്രത്യേക പുണ്യകാലങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ പത്ത്‌ ദിനരാത്രങ്ങള്‍. പ്രസ്തുത ദിവസങ്ങള്‍ക്കുള്ള മഹത്വങ്ങളും ശ്രേഷ്ഠതകളും വിവരിക്കുന്ന അനേകം വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും കണ്ടെത്താവുന്നതാണ്.
ഒന്ന്: അല്ലാഹു പറയുന്നു وَالْفَجْرِ وَلَيَالٍ عَشْرٍ “പ്രഭാതം തന്നെയാണ് സത്യം. പത്തു രാത്രികള്‍ തന്നെയാണ് സത്യം.” (ഫജ്ര്‍ 1 ,2 ) ഇവിടെ ആയത്തില്‍ പറയുന്ന പത്ത്‌ രാവുകള്‍ കൊണ്ടുദ്ദേശിക്കുന്നത്, ദുല്‍ഹജ്ജു മാസത്തിലെ പത്ത്‌ രാത്രികളാണെന്നാണ് മഹാനായ ഇബ്നു കസീര്‍ (റ)തന്റെ തഫ്സീറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ട്: മറ്റൊരു ഖുര്‍ആന്‍ വചനം കാണുക, അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. (ഹജ്ജ് 28 )
മേല്‍കൊടുത്ത വചനത്തിലെ നിശ്ചിത ദിവസങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്, ദുല്‍ഹജ്ജിലെ പത്ത്‌ ദിവസങ്ങളാണ് എന്ന് ഇബ്നു അബ്ബാസ് (റ)വില്‍നിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്‌.
മൂന്ന്: നബി (സ്വ)പറഞ്ഞു: “ഈ പത്ത്‌ ദിവസങ്ങളില്‍ ചെയ്യുന്ന കര്‍മ്മങ്ങളെക്കാള്‍ ശ്രേഷ്ട്ടമായ മറ്റൊരു കര്‍മ്മവുമില്ല. സ്വഹാബികള്‍ ചോദിച്ചു, അപ്പോള്‍ ജിഹാദോ? നബി(സ്വ)പറഞ്ഞു, ഒരാള്‍ തന്‍റെ സമ്പത്തും
ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചു വരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അര്‍പ്പിച്ച് രക്തസാക്ഷിത്വം വരിച്ചാലല്ലാതെ അതും(ജിഹാദും)ഈ ദിവസങ്ങളിലെ സല്‍കര്‍മ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല” (ബുഖാരി)
നാല്: അബ്ദുല്ലാഹിബ്നു ഉമര്‍(റ)വില്‍ നിന്നും നിവേദനം: നബി(സ്വ)പറയുന്നത് ഞാന്‍ കേട്ടു, ഈ ദിവസങ്ങളെ പോലെ അല്ലാഹുവിങ്കല്‍ മഹത്തായ മറ്റൊരു ദിവസവുമില്ല ഈ ദിവസങ്ങളില്‍ നിര്‍വ്വഹിക്കുന്ന സല്‍കര്‍മ്മങ്ങളെപ്പോലെ അല്ലാഹുവിനു ഇഷ്ട്ടമുള്ള മറ്റുകര്‍മ്മങ്ങളുമില്ല. അത് കൊണ്ട്‌ നിങ്ങള്‍
സ്തുതികീര്‍ത്തനങ്ങളും തക്ബീറുകളും തഹ് ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹു) അധികരിപ്പിക്കുക (മുഅ്ജമുല്‍ കബീര്‍)=)
അഞ്ച്: സഈദുബ്നു ജുബൈര്‍(റ) ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങള്‍ തനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കുമായിരുന്നു എന്നത് വിവിധ ഗ്രന്ഥങ്ങളില്‍ കാണാം.
ആറ്: മേല്‍ പറയപ്പെട്ട ദിനരാത്രങ്ങള്‍ക്ക് ഇത്രമാത്രം മഹത്ത്വമുണ്ടാകാനുള്ള കാരണം ഈ ദിവസങ്ങളിലെതുപോലെ, ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നമസ്കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മ്മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചു വരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നുള്ളതിനാലാകുന്നു. (ഫത്ഹുല്‍ ബാരി )
നാം പ്രത്യേകം ശ്രദ്ധിക്കുക, ദുല്‍ഹജ്ജിലെ ആദ്യ പത്ത്‌ ദിവസങ്ങള്‍ക്ക് പ്രത്യേകതയുള്ളതിനാല്‍ നാം നിര്‍വ്വഹിക്കുന്ന കര്‍മ്മങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെയും പരിപൂര്‍ണ്ണ രൂപത്തിലും നിര്‍വ്വഹിക്കുവാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഫര്‍ള് നിസ്കാരങ്ങള്‍ സമയമായാല്‍ കഴിവതും ജമാഅതതായി പള്ളിയില്‍ വെച്ച് നിര്‍വ്വഹിക്കുക. സുന്നത്ത് നിസ്കാരങ്ങള്‍ കൃത്യമായി അനുഷ്ട്ടിക്കുക എന്നിവയെല്ലാം ഏറ്റവും ശ്രേഷ്ഠകരമായ കര്‍മ്മങ്ങള്‍ ആകുന്നു. എന്നാല്‍ ഇവ ദുല്‍ഹജ്ജ് മാസത്തില്‍ മാത്രമായി പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളല്ല; മറിച്ച് എല്ലാ കാലങ്ങളിലും പാലിക്കേണ്ടതാണ്. സൌബാന്‍ (റ)ല്‍ നിന്ന് നിവേദനം, നബി(സ്വ)പറഞ്ഞു: നിങ്ങള്‍ സുജൂദുകള്‍ അധികരിപ്പിക്കുക. ഏതൊരു മനുഷ്യനും അവന്‍ നിര്‍വ്വഹിക്കുന്ന ഓരോ സുജൂദുകള്‍ മുഖേനയും അവന്റെ പദവികള്‍ ഉയര്‍ത്തുകയോ പാപങ്ങള്‍ മായ്ക്കുകയോ ചെയ്തുകൊണ്ടല്ലാതെ നിര്‍വഹിക്കുന്നില്ല. (മുസ്ലിം)
പ്രവാചകപത്നിമാരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ്വ)ദുല്‍ഹജ്ജ് ഒമ്പത്, മുഹറം പത്ത്‌, എല്ലാമാസത്തിലെയും പൌര്‍ണ്ണമി ദിനങ്ങളായ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിവസങ്ങളില്‍
നോമ്പനുഷ്ട്ടിക്കാറുണ്ടായിരുന്നു. (മുസ്ലിം) ഇമാം നവവി(റ) ദുല്‍ഹജ്ജ് ഒന്നു മുതല്‍ ഒമ്പത് കൂടിയ ദിവസങ്ങളില്‍ തുടര്‍ച്ചയായി നോമ്പനുഷ്ട്ടിക്കല്‍ നല്ലതാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്.
ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന ഹാജിമാര്‍ അല്ലാത്തവര്‍ക്ക് അറഫ ദിവസത്തില്‍ നോമ്പ് നോല്‍ക്കല്‍ ഏറെ പുണ്യമുള്ള കാര്യമാണ്. കഴിഞ്ഞ്‌ പോയതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷങ്ങളിലെ പാപങ്ങളെ പൊറുപ്പിക്കാന്‍ അത് പര്യാപ്തമാണ് (മുസ്ലിം)
പ്രസ്തുത ദിവസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ നരകത്തില്‍ നിന്നും അല്ലാഹു മോചിപ്പിക്കുക എന്നും അതുപോലെ അല്ലാഹു തന്റെ ദാസന്മാരോട് ഏറ്റവും അടുക്കുകയും അന്നേരം ആരാധനകളില്‍ മുഴുകിയ ജനങ്ങളുടെ കാര്യത്തില്‍ മലക്കുകളോട് അഭിമാനം നടിക്കുകയും ചെയ്യുമെന്നും ഹദീസുകളില്‍ കാണാവുന്നതാണ്.
ഇബ്നു ഉമര്‍(റ)ല്‍ നിന്ന് ത്വബ്റാനി ഉദ്ധരിച്ച മുകളില്‍ സൂചിപ്പിച്ച ഹദീസിന്റെ അടിസ്ഥാനത്തില്‍ തക്ബീര്‍, ലാ ഇലാഹ ഇല്ലല്ലാഹ്, അല്‍ഹംദു ലില്ലാ എന്നീ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന കീര്‍ത്തനങ്ങള്‍ പ്രസ്തുത ദിവസങ്ങളില്‍ അധികരിപ്പിക്കേണ്ടാതാണ്.
ഇബ്നു ഉമര്‍, അബൂ ഹുറൈറ(റ) എന്നിവര്‍ ഈ ദിവസങ്ങളില്‍ അങ്ങാടികളിലിറങ്ങി തക്ബീര്‍ ചൊല്ലിയിരുന്നു, അത് കേട്ടു മറ്റു ജനങ്ങളും തക്ബീര്‍ ചൊല്ലാറുണ്ടായിരുന്നു (ബുഖാരി) അതുപോലെ മിനായില്‍ വെച്ചും തക്ബീര്‍ ചൊല്ലുകയും അങ്ങനെ പള്ളികളിലും അങ്ങാടികളില്‍ ഉള്ളവരും തക്ബീര്‍ ചൊല്ലി മിന തക്ബീറുകളാല്‍ മുഴങ്ങാറുണ്ടായിരുന്നു എന്നും ഹദീസുകളില്‍ കാണാവുന്നതാണ്
ബലിദിനം
ഇന്ന് ആളുകള്‍ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതും, എന്നാല്‍ ദുഹജ്ജ് മാസത്തിലെ വളരെ മഹത്വമുള്ളതുമായ ഒരു ദിവസമാകുന്നു ബലിദിനം. ദിവസങ്ങളില്‍ ഏറ്റവും മഹത്വമുള്ള ബലി ദിവസം (ദുല്‍ഹജ്ജ് പത്ത്‌)ആകുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ഇമാം അബൂദാവൂദ് തന്റെ സുനനില്‍ ഇപ്രകാരം ഒരു ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നത് കാണാം. അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠമായ ദിനം ബലിദിനവും പിന്നെ ജനങ്ങള്‍ മിനായില്‍ കഴിച്ചുകൂട്ടുന്ന ദിനവുമാണ്. (അബൂദാവൂദ്) അതുകൊണ്ട് ദുല്‍ഹജ്ജ് പത്ത് ആഘോഷങ്ങള്‍ക്കായി മാത്രം മാറ്റിവെക്കാതെ ആരാധനകളും പുണ്യകര്‍മ്മങ്ങളും കൂടി നിര്‍വ്വഹിക്കാന്‍
ശ്രദ്ധിക്കേണ്ടതാണ്.
ദുല്‍ഹജ്ജ് പത്ത്‌ ബലിദിനം യൌമുന്നഹര്‍ എന്ന് പ്രവാചകന്‍ (സ്വ)ഹദീസുകളിലൂടെ വ്യക്തമാക്കിയതില്‍ നിന്നു തന്നെ അന്ന് നിര്‍വ്വഹിക്കാനുള്ള പ്രധാന കര്‍മ്മം ബലികര്‍മ്മം (ഉദുഹിയത്തു )ആണെന്ന് മനസ്സിലാക്കാവുന്നതാണ്. നബി (സ്വ)പറഞ്ഞു: കഴിവുണ്ടായിരുന്നിട്ടും ഉദുഹിയത്തു നിര്‍വ്വഹിക്കാത്തവര്‍ നമ്മുടെ പെരുന്നാള്‍ നമസ്കാര സ്ഥലത്തുപോലും അടുക്കേണ്ടതില്ല (അഹ്മദ്, ഇബ്നു മാജ). അത്തരക്കാര്‍ക്ക്
സ്വന്തം മകനെ അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാന്‍ സന്നദ്ധനായ ഖലീലുല്ലാഹി ഇബ്രാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ചരിത്രം അയവിറക്കി പെരുന്നാള്‍ ആഘോഷിക്കാന്‍ പോലും അര്‍ഹതയില്ല. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് നമ്മോട്, നമുക്ക് ആയുസ്സും ജോലിയെടുക്കാനും സമ്പാദിക്കാനുമെല്ലാം കഴിവും സൗകര്യങ്ങളും നല്‍കി അനുഗ്രഹിച്ച അല്ലാഹു ഇങ്ങിനെയൊരു കാര്യം
ആവശ്യപ്പെടുന്നത്! എന്നിട്ടും അത് അവഗണിച്ച് അതില്‍ നിന്നും തിരിഞ്ഞു കളയുന്നു.!? ചിന്തിക്കുക പലപ്പോഴും ഐഹിക ജീവിതത്തിനുപോലും യാതൊരു ഉപകാരവുമില്ലാത്ത വിഷയങ്ങളില്‍ ഓരോ വര്‍ഷവും നാം എത്ര പണം അനാവശ്യമായി നശിപ്പിച്ചു കളയുന്നു? അതുകൊണ്ട് ഇപ്പോള്‍ തന്നെ ഒരു തീരുമാനമെടുക്കുക,
കൊല്ലത്തില്‍ ആയിരം രൂപ ഉദുഹിയത്തിന്നായി മാറ്റിവെച്ച് തഖ് വയുള്ളവനായി ജീവിച്ച് തനിക്കും തന്നെ ആശ്രയിച്ച്ജീവിക്കുന്ന തന്റെ കുടുംബത്തിനും മറ്റു വിശ്വാസികളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കുവാനും, ഞാന്‍ മുസ്ലിംകളില്‍പെട്ടവനാണ് എന്ന പ്രതിജ്ഞ യാഥാര്‍ത്യമാക്കി ജീവിക്കുവാനും തയ്യാറെടുക്കുക.
ദുല്‍ഹിജ്ജ പത്തിന്റെ സൂര്യോദയം മുതല്‍ പതിമൂന്നിന്റെ സൂര്യാസ്തമയം വരെയുള്ള സമയത്ത് അല്ലാഹുവിലേക്കടുക്കാന്‍ വേണ്ടി ബലിയറുക്കപ്പെടുന്ന മൃഗ (ആട്, മാട്, ഒട്ടകം) ത്തിനാണു ഉള്ഹിയത്ത് എന്നു പറയുക. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട പുണ്യകര്‍മ്മമാണ് ഉള്ഹിയ്യത്ത്. നബി(സ) പറഞ്ഞു: രക്തമൊലിപ്പിക്കുന്നതിനെക്കാള്‍ അല്ലാഹിവിനു ഇഷ്ടമുള്ള മറ്റൊരു കര്‍മവും ബലിപെരുന്നാളില്‍ മനുഷ്യനില്ല. തീര്‍ച്ചയായും, ബലിമൃഗം അതിന്റെ കൊമ്പുകളും കുളമ്പുകളുമായി ഖിയാമത്ത് നാളില്‍ ആഗതമാകും. അതിന്റെ രക്തം ഭൂമിയില്‍ പതിയുന്നതിന് മുമ്പേ അല്ലാഹുവിങ്കല്‍ ഉന്നതമായ ഒരിടത്തതു സംഭവിച്ചിരിക്കും. അതിനാല്‍ ഉള്ഹിയ്യത്തറുത്ത് നിങ്ങള്‍ ശുദ്ധരായി കൊള്ളട്ടെ. (തുര്‍മുദി, അബൂദാവൂദ്) ബലിമൃഗങ്ങളെ നിങ്ങള്‍ ബഹുമാനിക്കണം. കാരണം അവ സ്വിറാത്ത് പാലത്തിന്‍മേല്‍ നിങ്ങളുടെ വാഹനങ്ങളാണ് എന്നുള്ള നബിവചനം ശ്രദ്ധേയമാണ്.

ഉള്ഹിയ്യത്ത് ഉമ്മത്തിന്റെ ഹഖില്‍ ശക്തിയായ സുന്നത്താണ്. എന്നാല്‍, നബി(സ)ക്കു നിര്‍ബന്ധവുമായിരുന്നു. തുര്‍മുദിയുടെയും ദാറ
ഖുത്വ്‌നിയുടെയും നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്‍മാര്‍ അക്കാര്യം വ്യക്തമാക്കുന്നു. ബലിപെരുന്നാള്‍ ദിനങ്ങളില്‍ തനിക്കും ആശ്രിതര്‍ക്കും ആവശ്യം വേണ്ടുന്ന ചെലവുകള്‍ കഴിച്ച് സ്വത്തില്‍ ബാക്കിയുള്ള, വിവേവകും തക്‌ലീഫുമുള്ള ഏതൊരു മുസ്‌ലിമിനും ബലിദാനം സുന്നത്താണ്. പിതാവ്, പിതാമഹന്‍ എന്നിവര്‍ക്ക് സന്താനത്തിനുവേണ്ടി സ്വന്തം ധനത്തില്‍നിന്നെടുത്ത് ഉള്ഹിയ്യത്തറുക്കാവുന്നതാണ്. അറുത്തവന് ദാനത്തിന്റെയും കുട്ടിക്ക് ഉള്ഹിയ്യത്തിന്റെയും പ്രതിഫലം ലഭിക്കും. (ശര്‍വാനി 9/367) ഒന്നിലധികം അംഗങ്ങളുള്ള വീട്ടുകാര്‍ക്ക് ഉള്ഹിയ്യത്ത് സുന്നത്ത് കിഫയാണ്. കൂട്ടത്തില്‍ ഒരാള്‍ അറുത്താല്‍ എല്ലാവര്‍ക്കു വേണ്ടിയും അതു മതിയാകുന്നതാണ്. ഒരാളെങ്കിലും അറുക്കാതിരിക്കുന്നത് കറാഹത്താണ്. കുടുംബത്തില്‍ ഒരാള്‍ മാത്രം അറുത്താല്‍ തേട്ടം ഒഴിവായിക്കിട്ടുമെങ്കിലും പ്രതിഫലം മറ്റുള്ളവര്‍ക്ക് ലഭിക്കുകയില്ല. ഒരാളുടെ കര്‍മത്തിന്റെ പുണ്യത്തില്‍ മറ്റുള്ളവരെ കൂടി പങ്കുചേര്‍ത്ത് നിയ്യത്ത് വയ്ക്കുന്നത് ജാഇസാണ്.

സുന്നത്തായ ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയാലതു നിര്‍ബന്ധമായി മാറും. ഞാനിതു ഉള്ഹിയ്യത്താക്കി, ഇത് ഉള്ഹിയ്യത്താണ് എന്നിങ്ങനെ ഒരു മൃഗത്തെ നിര്‍ണയിച്ചു പറഞ്ഞാല്‍ അതോടെ അതു നിര്‍ബന്ധമായിത്തീരും. എന്നാല്‍, വെറും വിവരമറിയിക്കല്‍ എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ഉള്ഹിയ്യത്താണ് എന്നു പറഞ്ഞതെങ്കില്‍ നിര്‍ബന്ധമാകില്ലെന്ന് സയ്
യിദ് ഉമര്‍ ബസരി(റ) അഭിപ്രായപ്പെട്ടിരിക്കുന്നു. (കുര്‍ദി 2/204)

ഉള്ഹിയ്യത്തുദ്ദേശിച്ചവനു ദുല്‍ഹിജ്ജ ആദ്യത്തെ പത്തു ദിവസങ്ങളില്‍ മുടി, നഖം പോലുള്ളവ നീക്കംചെയ്യാതിരിക്കല്‍ സുന്നത്തുണ്ടെന്നു മാത്രമല്ല, നീക്കുന്നത് കറാഹത്തുമാണ്. ഹറാമാണെന്നും അഭിപ്രായമുണ്ട്. എന്നാല്‍, ഒന്നില്‍ കൂടുതല്‍ മൃഗത്തെ അറുക്കുന്നുണ്ടെങ്കില്‍ ഒന്നാമത്തേത് അറുക്കലോടെ കറാഹത്തില്ലാതെയാകുന്നതാണ്. എങ്കിലും നല്ലത്, എല്ലാത്തിനെയും അറുത്തതിന് ശേഷം കളയലാണ്. (മുഗ്‌നി 4/284)

പുരുഷനു സ്വന്ത
മായി അറവ് നടത്തലാണ് അറവ് വശമുണ്ടെങ്കില്‍ പുണ്യകരം; സ്ത്രീക്കു മറ്റൊരാളെ ഏല്‍പ്പിക്കലും. സ്വയം അറുക്കുന്നില്ലെങ്കിലും അറവുസ്ഥലത്ത് ഹാജരാകല്‍ സുന്നത്താകുന്നു. വിദേശത്തുള്ളവര്‍ക്ക് നാട്ടില്‍ ഉള്ഹിയ്യത്തറുക്കാവുന്നതാണ്. ഭരണാധികാരിയല്ലാത്തവനു തന്റെ വീടിനോടനുബന്ധിച്ച് കുടുംബങ്ങളെ സന്നിധിയില്‍ വെച്ചു അറവു നടത്തലാണു ഉചിതം. അയല്‍വാസികള്‍ ഭാഗം ചേര്‍ന്നറുക്കുകയാണെങ്കില്‍, വീടുകള്‍ പരസ്പം തൊട്ടടുത്താണെങ്കില്‍ എല്ലാ വീടുകളുടെയും പരിസരത്തായി അറുക്കണം. വീടുവിട്ടുള്ള വീട്ടുകാരില്‍ ഒരാളുടെ വീട്ടുപടിക്കല്‍ അറവു നടത്തുകയാണെങ്കില്‍ അയാള്‍ക്കു മാത്രമീ സുന്നത്തു ലഭിക്കും. എല്ലാവര്‍ക്കും സൗകര്യപ്പെടുന്നപൊതുസ്ഥലം കണ്ടെത്തുന്നതില്‍ കുഴപ്പമൊന്നുമില്ല.

ഒട്ടകം, മാട്, ആട് എന്നീ ഇനങ്ങള്‍ മാത്രമേ ഉള്ഹിയ്യത്തിനും പറ്റുകയുള്ളൂ. ഒട്ടകം 5 വയസ്സ്, മാട്, കോലാട് 2 വയസ്സ്, നെയ്യാട് 1 വയസ്സ് എന്നിങ്ങനെ പ്രായം തികയേണ്ടതാണ്. വയസ്സ് തികയും മുമ്പേ നെയ്യാടിന്റെ പല്ല് കൊഴിഞ്ഞിട്ടുണ്ടെങ്കിലതും സാധുവാകുന്നതാണ്. (തുഹ്ഫ 9/348) ആണ്‍, പെണ്‍ ഇവ രണ്ടും പറ്റുമെങ്കിലും ആണ്‍ മൃഗമാണ് കൂടുതല്‍ ഉചിതം. എന്നാല്‍, കൂറ്റന്‍കയറലധികരിച്ചതാണെങ്കില്‍ പ്രസവിക്കാത്ത പെണ്‍മൃകമാണു ഉചിതം.
ഒട്ടകം, മാട് എന്നിവയില്‍ ഏഴു പേര്‍ക്കു വരെ ഷെയര്‍ ചേരാവുന്നതാണ്. ഉള്ഹിയ്യത്ത്. അഖീഖത്ത്, ഫിദ്‌യ, വെറും മാംസം എന്നിങ്ങനെ വ്യത്യസ്ത ഉദ്ദേശ്യങ്ങള്‍ വെച്ച് ഒരാള്‍ക്കോ, ഒന്നിലധികം പേര്‍ക്കോ ഒരു മൃഗത്തില്‍ ഇപ്രകാരം ഓഹരി ചേരാവുന്നതാണ്. അറവിനു ശേഷം താന്താങ്ങളുടെ വിഹിതം വീതിച്ചെടുത്താല്‍ മതി. ഇനി ഭാഗിക്കാതെ വിതരണം ചെയ്താലും വിരോധമൊന്നുമില്ല. ആളെണ്ണമനുസരിച്ച് ധര്‍മം ചെയ്യേണ്ട ചുരുങ്ങിയ അളവ് മാംസം അര്‍ഹര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം.
ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന ഉള്ഹിയ്യത്തില്‍ അവരവരുടെ ഓഹരിയില്‍ നിന്നു തന്നെ സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാവര്‍ക്കു വേണ്ടിയും ഒരാളുടെ ഓഹരിയില്‍നിന്നു സ്വദഖ ചെയ്താല്‍ മതിയാകുകയില്ല. കാരണം, ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന മൃഗം ഏഴു ഉള്ഹിയ്യത്തിന്റെ വിധിയിലാണ്. (ശര്‍വാനി 9/349) ഇതിനര്‍ത്ഥം ഓരോരുത്തരും അവനവനുള്ളത് ഓഹരിവെച്ച് വെവ്വേറെ ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണെന്നല്ല. വെവ്വേറെ ഓഹരി വയ്ക്കുന്നത് അനുവദനീയം മാത്രമാണ്. (ഫതാവാ ശാലിയാത്തി, പേ 138). മറിച്ച് ബാക്കിയുള്ളവര്‍ അവരുടെ ഓഹരികള്‍ മുഴുവനും സ്വന്തമായെടുത്ത് ഒരാള്‍ മാത്രം തന്റെ ഓഹരിയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി സ്വദഖ ചെയ്താല്‍ മതിയാവില്ല എന്നാണ്. ഉദാഹരണത്തിന്, 70 കിലോ മാംസമുള്ളൊരു മൃഗത്തിന്റെ, പത്തു കിലോ വീതം ആറോഹരിയും (60 കിലോ) മറ്റുള്ളവര്‍ കൈക്കലാക്കി. അവശേഷിക്കുന്ന ആളാണ് തന്റെ കിലോയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി വിതരണം നടത്തിയത്. എന്നാലതു മതിയാകുന്നതല്ല. അതേസമയം, ആകെ 70 കിലോയില്‍നിന്ന് 7 കിലോ ആദ്യം സാധുക്കള്‍ക്ക് വിതരണം ചെയ്തതിന് ശേഷം ബാക്കി 63 കിലോ 9 കിലോ വീതം തുല്യമായി ഓരോരുത്തരും വിഹിതിച്ചെടുത്തു. അന്നേരം ഓരോരുത്തരും അവരവരുടെ ഓഹരികളില്‍നിന് ഓരോ കിലോ സ്വദഖ ചെയ്തുകഴിഞ്ഞതിനാല്‍ ഉള്ഹിയ്യത്തിന്റെ നിര്‍ബന്ധദാനം നിയമപ്രകാരം തന്നെ നടന്നിരിക്കുകയാണ്.  ഈ ഉദാഹരണം മനസ്സിലാക്കിയാല്‍ ഇനി ഇവ്വിഷയത്തില്‍ തെറ്റിദ്ധാരണക്കിടമില്ല.
ഒന്നിലധികമാളുകള്‍ കൂടിയറുക്കുമ്പോള്‍, ബാക്കിയുള്ളവരുടെ അനുമതി പ്രകാരം ഒരാളോ, അവര്‍ ഏല്‍പ്പിക്കുന്നതു പ്രകാരം പുറത്തുള്ളവനോ അറവു നടത്തണം. വിതരണവും അപ്രകാരമാകാവുന്നതാണ്. ഷെയറുകാരിലൊരാളുടെ വിഹിതം ഒരു മൃഗത്തിന്റെ ആകെ വിലയുടെ ഏഴിലൊന്നില്‍ കുറയരുത്. 7000 രൂപയുടെ ഒരു മൃഗം ഏഴു പേര്‍ ഒന്നിച്ചറുക്കുമ്പോള്‍ കൃത്യം 1000 രൂപയുടെ ഏഴോഹരി തന്നെയാവേണ്ടതാണ്. താന്‍ ഓഹരിചേര്‍ന്ന മൃഗം ഇന്നതാണെന്ന് ഓരോ ഷെയറുകാരനും വേര്‍തിരിയാതെ ധാരാളം പേരില്‍നിന്നു നിശ്ചിത സംഖ്യം പിരിച്ചു കുറെ മൃഗങ്ങളെ വാങ്ങി ഒന്നിച്ച് അറുത്തുകൊണ്ടുള്ള ‘ബലികര്‍മം’ ചില നാടുകളില്‍ കണ്ടുവരുന്നു. അത് അസാധുവും അസ്വീകാര്യവുമാണ്.
21,000 രൂപക്ക് 21 പേര്‍ ചേര്‍ന്ന് മൂന്നു മൃഗത്തെയറുത്തുവെന്നിരിക്കട്ടെ. എങ്കില്‍ ഓരോ മൃഗത്തിനും ഏഴു പേര്‍ വീതം നിജപ്പെടുത്തി അതാതു മൃഗത്തിന്റെ ഏഴിലൊന്ന് വീതം സംഖ്യയടക്കേണ്ടതാണ്. മൂന്നു മൃഗത്തിനും തുല്യ വിലയാണെങ്കില്‍ ഓരോരുത്തര്‍ക്കും 1000 രൂപയാണു വരിക. മൂന്നു മൃഗത്തെയും ഒന്നിച്ചറുക്കുകയാണെങ്കില്‍ ഓരോ മൃഗത്തിന്റെയും ഏഴു വിഹിതത്തില്‍നിന്നും സ്വദഖ ചെയ്യേണ്ടുന്ന ചുരുങ്ങിയ അളവ് മാംസമെങ്കിലും ഫുഖറാഇന് എത്തുന്നുണ്ടെന്നുറപ്പ് വരുത്താന്‍ ഷെയറുടമകള്‍ ശ്രദ്ധിക്കേണ്ടതാണ.് അതുറപ്പുള്ളപക്ഷം മൂന്നു മൃഗങ്ങളുടെയും മാംസം ഒരുമിച്ചുകൂട്ടി വിതരണം ചെയ്യുന്നതില്‍ അപാകത വരാനില്ല.  തനിക്കു ഭക്ഷിക്കുവാനും സ്വന്തം നിലക്ക് ഹദ്‌യ നല്‍കുവാനും വേണ്ടി ഷെയറുകാരന്‍ സ്വന്തം മൃഗത്തില്‍നിന്ന് മാറ്റിവെച്ചതിനു ശേഷമാണ് വിതരണത്തിനുള്ളത് ഒന്നിച്ചുകൂട്ടേണ്ടത്. ചുരുക്കത്തില്‍, ഓരോരുത്തരും നിശ്ചിത മൃഗത്തിന്റെ വിലയുടെ ഏഴിലൊന്നിനെയാണ് ഓഹരിയെടുക്കേണ്ടത്. മൃഗത്തെ നിജപ്പെടുത്തുന്നപക്ഷം ഓരോ മൃഗത്തിന്റെയും 21-ല്‍ ഒന്ന് മാത്രമെ ഓരോരുത്തരും ഷെയറെടുക്കുന്നൂള്ളൂ. അതിനു പുറമെ അവരവരുടെ വിഹിതങ്ങളില്‍ നിന്നുതന്നെ വിതരണവും നടക്കണം.
അതും ഒന്ന് ഒരാള്‍ക്ക് മാത്രമേ മതിയാകുകയുള്ളൂ. രണ്ടുപേര്‍ ചേര്‍ന്ന് രണ്ടു ആടുകളെ വിലക്കു വാങ്ങി അറുത്താല്‍ ശരിയാകില്ല. കാരണം, ഓരോ ആടിലും ഇരുവരും കൂറായിരിക്കുകയാണ്.  അപ്പോള്‍ ‘ഒരു ആട് ഒരാള്‍ക്ക്’ എന്ന നിയമം നിരാകരിക്കപ്പെടുമെന്ന കുഴപ്പം സംഭവിക്കുന്നു.
പറ്റിയത്, മുന്തിയത്
മാംസത്തിനു കുറവു വരുത്തുന്ന ന്യൂനതകളില്‍നിന്ന് മുക്തമായിരിക്കണം ഉള്ഹിയ്യത്തു മൃഗം. ചെവി, ചന്തി, അകിട്, നാവ് പോലുള്ളവ മുറിച്ചുമാറ്റപ്പെട്ടത് മതിയാകില്ല. ഗര്‍ഭിണി പറ്റില്ലെന്നാണ് പ്രബലം. ചെവി കീറുക, തുളക്കുക എന്നിവ കുഴപ്പമില്ലെങ്കിലും തന്മൂലം വല്ലതും ചെവിയില്‍നിന്നടര്‍ന്നു പോകരുത്. ഭ്രാന്ത്, മുടന്ത്, കാഴ്ചയില്ലായ്മ, തീവ്രരോഗം, ചൊറി എന്നിവയുള്ളതും പല്ലുകള്‍ മുഴുവന്‍ കൊഴിഞ്ഞുപോയതും ഉള്ഹിയ്യത്തറുക്കാന്‍ പറ്റാത്തതാണ്.
ഒരു പൂര്‍ണ്ണ ഒട്ടകം, പിന്നെ പൂര്‍ണ്ണമാട്, പിന്നെ നെയ്യാട്, പിന്നെ കോലാട്, പിന്നെ ഒരൊട്ടകത്തിന്റെ ഓഹരി ചേരുക, പിന്നെ മാടില്‍ ഓഹരി ചേരുക എന്ന വിധം ശ്രേഷ്ഠതയെ ക്രമപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഏഴ് ആട് അറുക്കുന്നത് ഒരു ഒട്ടകത്തെക്കാള്‍ പുണ്യമേറിയതാണ്. ഓരോ ഇനത്തിലും കൂടുതല്‍ തടിയുള്ളതാണ് ഏറെ ശ്രേഷ്ടം. എന്നിരിക്കെ അതില്‍ രണ്ടു മെലിഞ്ഞവയെക്കാള്‍ നല്ലത് ഒരു തടിച്ചതാണ്. മെലിഞ്ഞവ ഉല്‍കൃഷ്ട നിറമുള്ളവയോ കൂറ്റന്‍മാരോ ആയിരുന്നാലും ശരി. മാംസം തുല്യവും നിറം വ്യത്യാസവുമായിരുന്നവയില്‍ ഉല്‍കൃഷ്ട നിറമുള്ളതാണുത്തമം. യഥാക്രമം വെളുപ്പ്, മഞ്ഞ, തെളിവില്ലാത്ത വെള്ള, ചുവപ്പ്, കറുപ്പും വെളുപ്പും കലര്‍ന്നത്, കറുപ്പ് എന്ന ക്രമത്തിലാണ് നിറഭേദം തീര്‍ച്ചപ്പെടുത്തുന്നത്. തടിയുള്ള വെളുത്ത മൂരിയും താരതമ്യേന മെലിഞ്ഞ കറുപ്പുള്ള പോത്തും തമ്മില്‍ ശ്രേഷ്ഠമായത് മൂരിയാണ്. മാര്‍ക്കറ്റില്‍ പക്ഷേ പോത്തിനായിരിക്കും വില കൂടുതല്‍. എന്നാല്‍, കറുത്ത പോത്ത് അധികം തടിച്ചതാണെങ്കില്‍ അതാണുത്തമം.

Friday 19 September 2014

Abu Hurairah (R) reported: Prophet Muhammed (S) said that “Iman has sixty odd or seventy odd branches. The uppermost of all these is the Testimony of Faith: 'La ilaha illallah' (there is no true god except Allah) while the least of them is the removal of harmful object from the road. And shyness is a branch of Iman
(Al-Bukhari and Muslim)